കൊച്ചി: സ്വന്തം കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും, വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് ഹര്‍ജിയില്‍ രഹ്ന ഫാത്തിമ പറയുന്നത്.

പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകള്‍ തനിക്കെതിരെ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമ കോടതിയെ അറിയിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. അറസ്റ്റ് സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ടാണ് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്. രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.

‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ജുവനൈല്‍ ആക്‌ട്, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.