ജെറുസലേം: മധ്യേഷ്യൻ യുദ്ധത്തിൽ പുതിയ യുദ്ധമുന്നണി തുറന്ന ലെബനീസ് ഷിയ സംഘമായ ഹിസ്ബുള്ള ഏറ്റവുമൊടുവിൽ ഇസ്രായേലിലേക്ക് 50ലധികം മിസൈലുകൾ അയച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഇസ്രായേലിലെ വിവിധ പ്രദേശങ്ങളിലേക്ക് ഹിസ്ബുള്ളയുടെ മിസൈലുകൾ എത്തിയത്. ഈ ആക്രമണങ്ങളിൽ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിർത്തി മേഖലയായ കിര്യാത്ത് ഷ്മോണയിൽ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ വ്യക്തമാക്കി.
ജൂതന്മാരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ പെസഹ ആഘോഷത്തിനിടെയാണ് ഹിസ്ബൊള്ളയുടെ ആക്രമണം നടന്നത്. ഇത് ഇസ്രായേലിലെ ജനങ്ങളെ പ്രത്യേകമായി ബുദ്ധിമുട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആഘോഷദിവസം പുറത്തിറങ്ങാൻ കഴിയാതെ ബങ്കറുകളിൽ കഴിയേണ്ടി വന്നു. ആയിരക്കണക്കിനാളുകൾ മിസൈലാക്രമണ സൈറനുകൾ മുഴങ്ങിയതോടെ ബങ്കറുകളിലേക്ക് ചേക്കേറി.
യുദ്ധം തങ്ങൾ ശക്തമാക്കുകയാണെന്ന് ഹിസ്ബുള്ള പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹുതികൾ പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം ഹിസ്ബുള്ളയുമായി ചേർന്ന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ ഷെയ്ഖ് നയിം ഖാസിമിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി ഒരു സന്ദേശം നല്‍കിയിരുന്നു. യുഎസിനും ഇസ്രായേലിനുമെതിരായ ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ സന്ദേശം. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയം ഇസ്രായേൽ, അമേരിക്കൻ എതിരാളികൾക്കെതിരായ ചെറുത്തുനിൽപ്പിനുള്ള തുടർച്ചയായ പിന്തുണയിൽ അടിയുറച്ചതാണെന്ന് മുജ്തബയുടെ സന്ദേശം വ്യക്തമാക്കി.
മുജ്തബ ഖമേനി ഷെയ്ഖ് ഖാസിമിന് സന്ദേശം അയച്ച കാര്യം ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇസ്ലാമിക് ഉമ്മത്തിന്റെ (രാഷ്ട്രം) ഏറ്റവും കടുത്ത ശത്രുക്കളായ അമേരിക്കയെയും ഇസ്രായേൽ ഭരണകൂടത്തെയും നേരിടുന്നതിൽ ഉറച്ചുനിൽക്കുകയും ഉറച്ചുനിൽക്കുകയും ചെയ്യുന്നത് രക്തസാക്ഷിയായ ഇമാമിന്റെ ഏറ്റവും മികച്ച സ്വഭാവങ്ങളിലൊന്നാ’ണെന്ന് ഷെയ്ഖ് ഖാസിം പ്രസ്താവിക്കുകയുണ്ടായി.
ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ആക്രമണങ്ങളാണ് നടന്നത്. ഇസ്രായേലിലെ സൈനിക ബാരക്കുകൾ, പീരങ്കി സ്ഥാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ, വിതരണ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി സൈനിക സൗകര്യങ്ങൾ ആക്രമിച്ചതായി ഹിസ്ബുള്ള പറഞ്ഞു. ഇസ്രായേലി സൈനിക താവളങ്ങൾക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും നേരെ ഡ്രോണുകളുടെ ആക്രമണവും നടന്നു.



