പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതിനെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയം ചര്‍ച്ച ചെയ്യാതെ തള്ളി. ഇരട്ട കൊലപാതക കേസിലെ ഒന്നുമുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതിനെതിരെയായിരുന്നു പ്രമേയം..
പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താത്കാലിക നിയമനം നല്‍കിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി എഫ് അംഗം ജോമോന് ജോസാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് നിയമനമെന്ന് യു.ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.
പ്രമേയം ചര്‍ച്ച ചെയ്യാനാവില്ലെന്ന നിലപാടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എടുത്തത്. പിന്നീട് പ്രമേയം ചര്‍ച്ച ചെയ്യണമോ എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടത്തി. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ 17 അംഗങ്ങളും 6 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും വോട്ടെടുപ്പില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിലെ 8 എല്‍.ഡി.എഫ് അംഗങ്ങളും 4 എല്‍.ഡി.എഫ് ബ്ലോക്ക് പ്രസിഡന്റുമാരും പ്രമേയത്തെ എതിര്‍ത്തു. 7 യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും 2 യു.ഡി.എഫ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കും പുറമെ ബി.ജെ.പിയിലെ 2 അംഗങ്ങള്‍ കൂടി പ്രമേയം ചര്‍ച്ച ചെയ്യുന്നമെന്ന് ആവശ്യപ്പെട്ടു. പ്രമേയം ചര്‍ച്ച ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു.



