തിരൂരങ്ങാടി: മക്കളെ പുഴകാണിക്കാന്‍ കൊണ്ട് പോയ പിതാവും മകനും ഒഴുക്കില്‍പ്പെട്ട് കാണാതായി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മായില്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്)) എന്നിവരെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന മകന്‍ ശാനിബിനെ (ഒമ്ബത്) അയല്‍വാസി രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ 11.30 നാണ് സംഭവം. ഇസ്മായില്‍ തറവാട് വീട്ടില്‍ നിന്നും കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച് കുറച്ച് ദിവസം മാത്രമായിട്ടുള്ളു താമസം മാറ്റിയിട്ട്. അന്ന് മുതല്‍ തന്നെ കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപ്പെടാറുണ്ടെങ്കിലും സമ്മതിക്കാറില്ലായിരുന്നു. വെള്ളിയാഴ്ച കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാന്‍ പോകുകയായിരുന്നു. ഇളയ മകന്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു. കുട്ടിയെ രക്ഷിക്കുന്നതിനിടെ പിതാവും അപകടത്തില്‍പ്പെട്ടു. രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇസ്മായില്‍ അടുത്ത ഡിസംബറില്‍ തിരിച്ച് പോകാനൊരുങ്ങുകയായിരുന്നു.