ചെന്നൈ ∙ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഭര്‍ത്താവ് വീരമൃത്യു വരിച്ചു 2 വര്‍ഷം പിന്നിട്ടപ്പോള്‍ ഭാര്യ യൂണിഫോമണിഞ്ഞു സൈന്യത്തിന്റെ ഭാഗമായി. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കമുള്ള ജയ്ഷെ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ വെടിഞ്ഞ രാഷ്ട്രീയ റൈഫിള്‍സ് മേജര്‍ വിഭൂതി ശങ്കര്‍ ദൗണ്ഡിയാലിന്റെ ഭാര്യ നികിത കൗളാണ് ഇന്നലെ കരസേനയി‍ല്‍ ലഫ്റ്റനന്റായി ചേര്‍ന്നത്. വിവാഹം കഴിഞ്ഞ് 9-ാം മാസമാണ് നികിതയ്ക്ക് വിഭൂതിയെ നഷ്ടമായത്.

2019 ഫെബ്രുവരി 18 നായിരുന്നു പുല്‍വാമയ്ക്കു സമീപം വിഭൂതി അടക്കം 5 സൈനികര്‍ വീരമൃത്യു വരിച്ച ഏറ്റുമുട്ടലുണ്ടായത്. വിഭൂതിയെ രാജ്യം ശൗര്യ ചക്ര നല്‍കി ആദരിച്ചു. രാജ്യത്തിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെ ജീവത്യാഗത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞു സൈന്യത്തില്‍ ചേര്‍ന്ന നികിത ചെന്നൈയിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.