കെപിസിസി പുനഃസംഘടന ഗ്രൂപ്പ് വീതം വെപ്പാകുമെന്ന സൂചന നൽകി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം കൂടി പരിഗണിച്ച് മാത്രമേ പുനഃസംഘടനയുള്ളു എന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഗ്രൂപ്പുകൾക്ക് അതീതമാകണം പുനഃസംഘടനയെന്ന സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മോഹം ഇതോടെ അസ്തമിച്ചു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങാൻ കാരണമായത് പാർട്ടിയിലെ ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് പ്രമുഖ കോൺഗ്രസ് നേതാക്കൾ പോലും അഭിപ്രായപ്പെട്ടിരുന്നു. മണ്ഡല തലത്തിൽ പോലും പാർട്ടി സംവിധാനങ്ങൾ നിഷ്ക്രിയമാണ്. തോൽവി അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച പ്രത്യേക സമിതിയും ഗ്രൂപ്പ് പോരുകൾ തോൽവിക്ക് ആഘാതം കൂട്ടിയതായി നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഗ്രൂപ്പ് വഴക്ക് മൂലമാണ് അമ്പലപ്പുഴയിൽ തോൽക്കാൻ കാരണമായതെന്ന് കാട്ടിയാണ് എം ലിജു ആലപ്പുഴ ഡിസിസി പ്രസിഡന്റ് പദവി പോലും രാജി വെച്ചത്. ഗ്രൂപ്പ് അതിപ്രസരം ഇല്ലാത്ത നേതൃത്വം പാർട്ടിയെ നയിക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം ഇനിയും ദേശിയ നേതൃത്വം ചെവി കൊണ്ടിട്ടില്ലെന്നതിന്റെ സൂചനകളാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനും ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പിന് പ്രാധാന്യം നൽകിയാകും കെപിസിസി പുനഃസംഘടന എന്ന് കെസി വേണുഗോപാൽ തന്നെ വ്യക്തമാക്കുമ്പോൾ ഇതിലൊന്നും പെടാത്ത നേതാക്കൾ തഴയപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയെങ്കിൽ കോൺഗ്രസിൽ കൂട്ടരാജി ഉറപ്പാണ്.



