വെർജിനിയ ∙ വീടിനു പുറകിലുള്ള വഴിയിൽ പാർക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയിൽ പെട്ടെന്ന് ഓടിയെത്തിയ രണ്ടു വയസുകാരൻ വാഹനത്തിനടിയിൽപ്പെട്ടു ദാരുണമായി മരിച്ചു. ഫെയർഫാക്സ് കൗണ്ടി പൊലിസ് പുറത്തിറക്കിയ പ്രസ് റിലിസിലാണ് സംഭവം പുറത്തറിയുന്നത്. ജൂൺ 7 തിങ്കളാഴ്ചയായിരുന്നു അപകടം.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലിസ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.2005 ഫോർഡ് എഫ് 350 ആയിരുന്നു പിതാവ് ഓടിച്ചിരുന്നതെന്നും പോലിസ് വെളിപ്പെടുത്തി.
പിതാവ് കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. രണ്ടു വയസ്സുകാരന്റെ സഹോദരി (4) സംഭവത്തിനു ദൃക്സാക്ഷിയാണെന്നു മാതാവ് പറഞ്ഞു. എന്താണു സംഭവിച്ചതെന്നു പറയാൻ പോലും പിതാവിനായില്ല. മദ്യമോ, മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിനു കാരണമെന്നും സംശയാസ്പദമായി ഒന്നും ഇല്ലെന്നും അന്വേഷണം തുടരുമെന്നും പൊലിസ് അറിയിച്ചു.
അമേരിക്കയിൽ ആഴ്ചയിൽ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും, ഇതിൽ 70 ശതമാനവും പിതാവോ ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്സ് ആന്റ് കാർസ് (KIDS AND CARS) ഓർഗനൈസേഷന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു വാഹനത്തിനു പുറകിൽ കാമറകൾ ഘടിപ്പിക്കുകയും വീട്ടിൽ വരുമ്പോഴും പുറത്തുപോകുമ്പോഴും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുകയും വേണമെന്നു സംഘടന നിർദേശിക്കുന്നു.



