മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന പരിശോധനയെ ശക്തമായ ഭാഷയിൽ അപലപിച്ച് സിപിഎം നേതൃത്വം. രാജ്യത്തെ പ്രമുഖ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടത്തുന്ന ആസൂത്രിതമായ രാഷ്ട്രീയ ആക്രമണമാണിതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു.
ഇത്തരം ഭീഷണികളിലൂടെ പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയപ്പെടുത്താം എന്ന് ആരും കരുതേണ്ടെന്നും, ഈ റെയ്ഡിന് പിന്നിൽ സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.



