പൊലീസ് സ്റ്റേഷനുകളില്‍ പൊടിയും മാറാലയും മൂടി പാമ്ബും പഴുതാരയും താവളമാക്കിയിരുന്ന തൊണ്ടിമുറികള്ക്ക് പകരം സ്മാര്‍ട്ട് തൊണ്ടി മുറികള്‍ വരുന്നു. മോഷണം അടക്കമുള്ള കേസുകളിലെ തൊണ്ടിമുതലുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ നിലവില്‍ കൂട്ടിയിടുകയാണ് ചെയ്യാറുള്ളത്. ഇതാകട്ടെ കേസുകള്‍ പരിഗണിക്കുമ്ബോള്‍ തൊണ്ടി തപ്പിയെടുത്ത് ഹാജരാക്കുക പൊലീസിന് വലിയ തലവേദനയാണ്. റൈറ്ററോ അന്വേഷണ ഉദ്യോഗസ്ഥരോ സ്ഥലം മാറിപ്പോയാലും കോടതി വിചാരണകള്‍ക്ക് തൊണ്ടി കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ പല കേസുകളിലും തൊണ്ടിമുതല്‍ കാണാനില്ലെന്നോ, തെരച്ചിലിന് കൂടുതല്‍ സമയം ആവശ്യപ്പെടുകയോ ആണ് പൊലീസ് ചെയ്യാറുള്ളത്. സ്മാര്‍ട്ട് മുറികള്‍ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട സ്റ്റേഷനില്‍ സജ്ജമാക്കിയ സ്മാര്‍ട്ട് തൊണ്ടിമുറി സംവിധാനമാണ് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നത്.
സ്മാര്‍ട്ട് തൊണ്ടിമുറികള്‍
തൊണ്ടി മുതലുകളെല്ലാം ക്രൈംനമ്ബര്‍ ക്രമമനുസരിച്ച് ക്യു.ആര് കോഡ് പതിച്ച് അടുക്കും ചിട്ടയുമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. തൊണ്ടിമുതലുകള്‍ക്ക് മീതെ പതിച്ചിട്ടുള്ള ക്യൂ.ആര് കോഡ് മൊബൈലില്‍ സ്കാന്‍ ചെയ്യുന്നതോടെ ക്രൈം നമ്ബരും പ്രതികളുടെയും വാദിയുടെയും പേരും വിലാസവും കുറ്റപത്രവുമുള്പ്പെടെ എല്ലാവിവരങ്ങളും സ്മാര്‍ട്ട് ഫോണില്‍ തെളിയും. പദ്ധതി പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് റിപ്പോര്‍ട്ടായാല്‍ ഉടന്‍ അത് ക്രൈം ഡ്രൈവെന്ന സോഫ്റ്റ്വെയറില് അപ്ലോഡാകും. ഇത് പൊലീസുകാരുടെ മൊബൈല്‍ ഫോണുകളിലും ലഭിക്കും. ഇതിന്റെ യു.ആര്.എല്‍ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍) കോപ്പിയെടുത്ത് ബാര്‍ കോഡുണ്ടാക്കി തൊണ്ടിമുതലില്‍ ഒട്ടിക്കുന്നതാണ് ആകെയുള്ള പണി. ബാര്‍ കോഡ് സ്കാനര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ അതിന്റെ വിവരങ്ങള്‍ മുഴുവന്‍ ഫോണില്‍ തെളിയും. വിചാരണ ദിവസം തൊണ്ടി കണ്ടെത്തി വേഗത്തില്‍ കോടതിയില്‍ എത്തിക്കാനുമാകും.
പത്തനംതിട്ട സ്റ്രേഷന്റെ മാതൃകയില്‍ ക്രൈം കേസുകളില്‍ നിര്‍ണായക തെളിവുകളായ തൊണ്ടി മുതലുകള്‍ സൂക്ഷിക്കാനും വിചാരണയ്ക്ക് അവ ഉപയോഗപ്പെടുത്താനും സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും സ്മാര്‍ട്ട് തൊണ്ടി മുറികള്‍ സ്ഥാപിക്കും. പ്രത്യേക സ്ഥലസൗകര്യമോ പണച്ചെലവോ ആവശ്യമില്ലാത്തതില്‍ പെട്ടെന്നുതന്നെ ഈ സംവിധാനം സജ്ജമാക്കാനാവും. ഇതിനായി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കും
മനോജ് എബ്രഹാം, എ.ഡി.ജി.പി



