പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനു നാളെ മുതല്‍ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഇരു സഭകളും തമ്മില്‍ സമ്മേളിക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,കാര്‍ഷിക നിയമങ്ങള്‍, ഇന്ധന വിലവര്‍ധനവ് എന്നീ വിഷയങ്ങളാകും പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കുക. ഇതേസമയം ഈ സഭാ സമ്മേളനത്തില്‍ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള നീക്കം ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.

19 ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിനാണ് നാളെ മുതല്‍ തുടക്കം കുറിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയാണ് ലോക്സഭയും രാജ്യസഭയും ചേരുക. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ച പ്രതിപക്ഷം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും. വാക്സിന്‍ വിതരണം, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന, സാമ്ബത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും സഭയില്‍ പ്രതിപക്ഷം വലിയൊരു ആയുധമാക്കും