എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിന് സമീപമുള്ള പാരിയത്തുകാവിലെ തർക്കഭൂമിയിൽ നിന്നും ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കോടതിയിൽ നിന്നും കൂടുതൽ സമയം തേടുമെന്ന് കേരള സർക്കാർ വ്യക്തമാക്കി. തലസ്ഥാനമായ തിരുവനന്തപുരത്തെത്തി തന്നെ കണ്ട ദളിത് കുടുംബങ്ങളിലെ അംഗങ്ങൾക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് ഈ ഉറപ്പ് നൽകിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ദളിത് കുടുംബങ്ങളെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും നിലവിലെ പ്രത്യേക സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി കൂടുതൽ സമയം ആവശ്യപ്പെടാൻ അഡ്വക്കേറ്റ് ജനറലിന് (AG) കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കിയതായി പ്രസ്താവനയിലുണ്ട്



