പാനൂര്‍ (കണ്ണൂര്‍): പ്രസവാനന്തരം പാനൂരില്‍ നവജാത ശിശു മരിക്കാനിടയായ സംഭവത്തില്‍ പാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്​ടറെയും ജീവനക്കാരിയെയും അന്വേഷണത്തിെന്‍റ ഭാഗമായി സ്ഥലം മാറ്റി. ഇവരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന്​ പരിശോധിച്ച്‌ കൂടുതല്‍ നടപടി സ്വീകരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.

കുഞ്ഞ് മരിക്കാനിടയായ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരവും വേദനജനകവുമാണ്. മതിയായ ചികിത്സ ലഭ്യമാകാത്തതാണ് മരണകാരണമെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്തും. ആശുപത്രിയിലെ ജീവനക്കാര്‍ കുറ്റക്കാരാണെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പാനൂര്‍ പൊലീസ് സ്​റ്റേഷന്​ സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്ബതിമാരുടെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സമീറക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്ബോഴേക്കും വീട്ടില്‍വെച്ചുതന്നെ പ്രസവം നടന്നു. ഉടന്‍ പാനൂര്‍ സി.എച്ച്‌.സിയിലെത്തി ഡോക്ടറോട് വരാന്‍ അഭ്യര്‍ഥിച്ചെങ്കിലും നിരസിച്ചുവെന്ന്​ ബന്ധുക്കള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് വാക്കുതര്‍ക്കവും ബഹളവുമായി. പൊലീസും ഫയര്‍ഫോഴ്സ് അധികൃതരും ബന്ധപ്പെട്ടിട്ടും, കോവിഡ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ വീട്ടിലേക്ക് പോകാന്‍ തയാറായില്ല.

പിന്നീട്​ സമീപത്തെ ക്ലിനിക്കില്‍ നിന്നും നഴ്സുമാരെത്തി പൊക്കിള്‍കൊടി മുറിച്ചുമാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാനൂരില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.