കോട്ടയം: പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മരിച്ചു. കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യൂ (60) ആണ് മരിച്ചത്. കോഴഞ്ചേരി കുഴിക്കാല സി.എം.എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലായിരുന്നു. ഭര്‍ത്താവ് സി.എം.എസ് കോളജ് റിട്ട.വൈസ് പ്രിന്‍സിപ്പല്‍ ഡോ.വൈ മാത്യൂ.

ഈ മാസം ആറിന് രാത്രി 11 മണിയോടെയായിരുന്നു അപകടം. അടുക്കളയില്‍ ഗ്യാസ് ചോരുന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുക്കളയില്‍ പരിശോധിക്കുന്നതിനായി ലൈറ്റിന്റെ സ്വിച്ച്‌ ഓണ്‍ചെയ്തതോടെയാണ് തീ പടര്‍ന്നുപിടിച്ചത്.

ഈ സമയം ജെസിയും ഭര്‍ത്താവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.