ഇസ്ലാമാബാദ്: പാകിസ്താനിലെ അഫ്ഗാനിസ്താന്‍ നയതന്ത്രപ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടുപോയി. അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി നജിബുള്ള അലിഖിലിന്റെ മകളെയാണ് വെളളിയാഴ്ച ഇസ്ലാമാബാദില്‍ വെച്ച്‌ തട്ടിക്കൊണ്ടു പോയി കുറച്ചു സമയത്തിനു ശേഷം വിട്ടയച്ചത്.

വീട്ടില്‍ നിന്നും ജിന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകവെയാണ് സില്‍സില അലിഖില്‍ എന്ന 26 കാരിയെ തട്ടിക്കൊണ്ടു പോയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. തടവില്‍ നിന്ന് വിട്ടയച്ച യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണെന്നാണ് പുറത്തുവരുന്ന വിവരം.

നയതന്ത്രപ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തോടെ പാകിസ്താനിലുള്ള അഫ്ഗാന്‍ പ്രതിനിധികളുടെയും ബന്ധുക്കളുടെയും സുരക്ഷയില്‍ ആശങ്കയറിയിച്ച വിദേശകാര്യ മന്ത്രാലയം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അഫ്ഗാന്‍ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ പാക് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ആരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കണമെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത കുറച്ച്‌ ആഴ്ചകള്‍ക്കിടെ താലിബാനിലെ നിരവധി ജില്ലകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇപ്പോള്‍ രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തിന്റെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. താലിബാന് പിന്തുണ നല്‍കുന്നതില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പാകിസ്താനെ നിരന്തരം കുറ്റപ്പെടുത്തി വരികയാണ്. പാക് വ്യോമസേന താലിബാന് പിന്തുണ നല്‍കുന്നുണ്ടെന്ന് അഫ്ഗാനിസ്താന്‍ വൈസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന സെന്‍ട്രല്‍ ആന്റ് സൗത്ത് ഷ്യേ കണക്ടിവിറ്റി കോണ്‍ഫറന്‍സില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി ഇക്കാര്യം തുറന്നടിച്ചിരുന്നു.

തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പാകിസ്താന്‍ ഇതുവരെയും ഉപേക്ഷിച്ചിട്ടില്ലെന്ന് ആരോപിച്ച ഘാനി കഴിഞ്ഞ മാസം മാത്രം ആയിരത്തോളം ഭീകരവാദികള്‍ പാകിസ്താനില്‍ നിന്നും അഫ്ഗാനിലേക്ക് കടന്നിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ ഈ ആരോപണം പാകിസ്താന്‍ നിഷേധിച്ചിരുന്നു.