കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി തള്ളി കേന്ദ്രസര്‍ക്കാര്‍. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഹാജരാകാനാണ് രണ്ട് പേര്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുവരെയും നിലപാട് അറിയിച്ചു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ പരോക്ഷമായി അടിന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയും ഭയപ്പെടുത്താനാണ് ശ്രമമെന്നുമായിരുന്നു ആരോപണം.
ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് മാറ്റാനായി അമിത് ഷാ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി പ്രതിഷേധിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനം സംസ്ഥാനത്ത് വച്ച് ആക്രമിക്കപ്പെട്ടതോടെയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉരസല്‍ ആരംഭിച്ചത്.



