വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘അര്‍മഡ’ സൈനിക വ്യൂഹം പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുന്നു. വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ്‍, ടോമഹോക്ക് മിസൈലുകള്‍ വഹിക്കുന്ന മൂന്ന് ഡിസ്‌ട്രോയറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ കരുത്തുറ്റ നാവിക വ്യൂഹം മലാക്ക കടലിടുക്കില്‍ നിന്ന് നിലവില്‍ ആന്‍ഡമാന്‍ കടലിലെത്തിയിട്ടുണ്ട്.

ഇതിന് പുറമെ പന്ത്രണ്ടോളം എഫ്-15ഇ യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ തങ്ങളുടെ പ്രതിരോധം തകരില്ലെന്നും, ഏത് മോശമായ സാഹചര്യത്തെയും നേരിടാന്‍ ഇറാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നും ഇറാന്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം, മേഖലയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ ശക്തമായ നിലപാടുമായി യുഎഇ രംഗത്തെത്തി.

ഇറാനെതിരായ സൈനിക നടപടികള്‍ക്ക് തങ്ങളുടെ വ്യോമപാതയോ, സമുദ്ര അതിര്‍ത്തിയോ, കരയോ വിട്ടുനല്‍കില്ലെന്ന് യുഎഇ വ്യക്തമാക്കി.