കുട്ടിക്കാലത്തെ തന്റെ ക്രിസ്മസ് അനുഭവം പങ്കുവെച്ച്‌ സംവിധായകന്‍ ലാല്‍ ജോസ്. ഒറ്റപ്പാലം അന്നൊരു നായര്‍ ഭൂരിപക്ഷ പ്രദേശമായിരുന്നെന്നും അവിടെയെത്തുന്ന ആദ്യത്തെ മൂന്ന് ക്രിസ്തീയ കുടുംബങ്ങളിലൊന്നായിരുന്നു തങ്ങളുടേതെന്നും ലാല്‍ ജോസ് പറയുന്നു.

പാതിരാ കുര്‍ബാനയില്‍ മാത്രമൊതുങ്ങുന്ന ക്രിസ്മസായിരുന്നു അക്കാലത്തേത്. പിന്നീട് ഒറ്റപ്പാലത്ത് സെന്റ് ജോസഫ്‌സ് ചര്‍ച്ച്‌ വന്നതോടെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ജീവന്‍ വെച്ചതെന്നും ലാല്‍ ജോസ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘അക്കാലത്തെ പാതിരാക്കുര്‍ബാനയുടെ വിഷ്വല്‍സ് ഇപ്പോഴും എന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. ചൂട്ട് കത്തിച്ച്‌ ബീഡിയും വലിച്ച്‌ തലയിലൊരു മഫ്‌ളറും കെട്ടി കുഞ്ഞുകുട്ടി പരാധീനതകളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്. അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും നാടന്‍ വാറ്റുചാരായത്തിന്റേയും മണമായിരുന്നു.

വലിയ മുള വെട്ടിച്ചീന്തി അതില്‍ ചൈനാപേപ്പര്‍ ഒട്ടിച്ചാണ് നക്ഷത്രങ്ങള്‍ ഉണ്ടാക്കാറ്. പൊടിമീശ മുളയ്ക്കണ കാലമാകുമ്ബോഴേക്കും എനിക്ക് അള്‍ത്താര ബാലനായും പള്ളി ക്വയറിലെ ഗിറ്റാറിസ്റ്റായും പ്രമോഷന്‍ കിട്ടി.

സാധാരണ ഗതിയില്‍ പള്ളിയിലെത്തുന്ന പെണ്‍കുട്ടികളുമായി ചില പ്രേമവും ചുറ്റിക്കളികളുമൊക്കെ സംഭവിക്കേണ്ട സമയമാണ്. പക്ഷേ ശരീരംകൊണ്ട് തീരെ ചെറിയ ആളായിരുന്നു ഞാനന്ന്. മീശയടക്കമുള്ള രോമവളര്‍ച്ച തീരെക്കുറവും. അതുകൊണ്ടാവാം പെണ്‍കുട്ടികളൊക്കെ എന്നെ തീരെ ചെറിയ കുട്ടിയായാണ് കണക്കാക്കിയത്. പ്രണയസാധ്യതകളൊന്നും പൂവിട്ടില്ല. നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ചെല്ലാവരും സഹോദരനായേ കണ്ടുള്ളൂ.

അപ്പനും അമ്മയും അധ്യാപകരായതുകൊണ്ട് പെണ്‍കുട്ടികള്‍ക്കെല്ലാം എന്നെ ചെറിയ പേടിയുമുണ്ടായിരുന്നു. ടീച്ചറുടെ മകനുമായി വല്ല പുലിവാലുമുണ്ടായിക്കഴിഞ്ഞാല്‍ അത് വിഷയമാകും എന്നറിയാവുന്നതുകൊണ്ട് ഒരാളും നമ്മളോട് അടുത്തില്ല. അങ്ങനെ പള്ളിയും പാട്ടുമായി സമാധാനത്തോടെ ക്രിസ്മസ് കാലം കഴിഞ്ഞുപോയി’, ലാല്‍ ജോസ് പറയുന്നു.

ക്രിസ്മസിന് വലിയ ആഘോഷങ്ങളൊന്നും തന്റെ സിനിമാ സെറ്റുകളില്‍ ഉണ്ടാവാറില്ലെന്നും ക്രിസ്ത്യാനിയായി ചിലപ്പോള്‍ താന്‍ മാത്രമേ പല സെറ്റുകളിലുമുണ്ടാവാറൂള്ളുവെന്നും ലാല്‍ ജോസ് പറയുന്നു. ‘ഡയരക്ടര്‍ ക്രിസ്ത്യാനി അല്ലേ എന്ന് കരുതി ഒരു കേക്ക് മുറിച്ചാലായി.

ക്രിസ്മസിന് മുന്‍പുള്ള 25 നോയമ്ബ് എല്ലാവര്‍ഷവും മുടങ്ങാതെ എടുക്കാറുണ്ട്. ഷൂട്ടിങ് സമയത്ത് ഞാന്‍ സസ്യാഹാരിയാണ്. ഇതുവരെ ചെയ്ത 25 സിനിമകളിലും അത് പാലിച്ചിട്ടുണ്ട്. ആ സമയത്ത് ക്രിസ്മസ് വന്നാല്‍ അന്ന് മാത്രം മാംസാഹാരം കഴിക്കും’, അഭിമുഖത്തില്‍ ലാല്‍ ജോസ് പറയുന്നു.