മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ലോകത്തെ ഏറ്റവും ജനപ്രിയ ഫുട്ബോള്‍ ലീഗായ സ്പാനിഷ് ലാലിഗ പുനഃരാരംഭിക്കുന്നു. കോവിഡ് സംഹാരതാണ്ഡവമാടിയ സ്പെയിനില്‍ അതിനെ അതിജീവിച്ചാണ് വീണ്ടും കളിത്തട്ടുണരുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസി തുടക്കമുതല്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് സെവിയ്യ – റയല്‍ ബെറ്റിസ് മത്സരത്തോടെയാണ് തുടക്കം. വാരാന്ത്യങ്ങളില്‍ മാത്രം കളിയെന്ന പതിവ് മാറ്റി എല്ലാ ദിവസങ്ങളിലും മത്സരങ്ങളുണ്ടാകും. കാണികളെ പ്രവേശിപ്പില്ലെങ്കിലും വെര്‍ച്വലായി കാണികളെയും ആരവങ്ങളും സൃഷ്ടിച്ചായിരിക്കും മത്സരങ്ങള്‍ തത്സമയസംപ്രേക്ഷണം നടത്തുക.

നേരത്തെ ജര്‍മ്മനിയിലും ലീഗ് മത്സരങ്ങള്‍ തുടങ്ങിയിരുന്നു. കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്. കോവിഡ് പരിശോധന, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയാണ് മത്സരങ്ങള്‍. കിരീടപോരാട്ടത്തില്‍ മുന്‍നിരയിലുള്ള ബാഴ്സലോണ 13ന് രാത്രിയും റയല്‍ മാഡ്രിഡ് 14 രാത്രിയും കിരീടപോരാട്ടത്തിനായി കളിത്തട്ടിലിറങ്ങും.

നിലവില്‍ 27 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സലോണയ്ക്ക് 58 പോയിന്‍റും റയല്‍ മാഡ്രിഡിന് 56 പോയിന്‍റുമാണുള്ളത്. മൂന്നാമതുള്ള സെവിയ്യയ്ക്ക് 47 പോയിന്‍റാണുള്ളത്. ലീഗില്‍ 11 മത്സരം ബാക്കിനില്‍ക്കെ ഓരോ കളിയും ബാഴ്സയ്ക്കും റയലിനും നിര്‍ണായകമാണ്.

മെസിക്കൊപ്പം പരിക്കുമാറി സുവാരസ് തിരിച്ചെത്തുന്നത് ബാഴ്സലോണയ്ക്ക് കരുത്ത് പകരും. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും ശനിയാഴ്ച മയ്യോര്‍ക്കയ്ക്കെതിരായ മത്സരത്തില്‍ മെസി കളിക്കുമെന്നാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ശരീരഭാരം കുറച്ച്‌ തിരിച്ചെത്തുന്ന എഡന്‍ ഹസാര്‍ഡ് ആയിരിക്കും റയലിന്‍റെ തുറുപ്പുചീട്ട്. ബെന്‍സെമയ്ക്കൊപ്പം ഹസാര്‍ഡ് കൂടി ചേരുമ്ബോള്‍ റയലിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ജര്‍മ്മനിയുടെ മാതൃക പിന്തുടര്‍ന്നാണ് ആവേശം പകരാന്‍ വെര്‍ച്വല്‍ കാണികളെ ഒരുക്കി സ്പാനിഷ് ലീഗും സംപ്രേക്ഷണം ചെയ്യുന്നത്.