ഫിലഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്‍റെ വാര്‍ഷിക കുടുംബ സംഗമം, 2021-ലെ പ്രവര്‍ത്തനോദ്ഘാടനം, മാതൃദിനാഘോഷം, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിന് ആദരം, ഉന്നതവിദ്യാഭ്യസം നേടിയവര്‍ക്ക് അഭിനന്ദനം എന്നിവ സംയുക്തമായി മേയ് 23-ന് ഞായറായാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായിലെ മയൂര ഇന്ത്യന്‍ റസ്റ്ററന്‍റില്‍ സംഘടിപ്പിച്ചു.

പമ്പ പ്രസിഡന്‍റ് അലക്സ് തോമസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികളില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യ അതിഥിയായിരുന്നു. ജോര്‍ജ്ജ് ഓലിക്കല്‍ അതിഥികളെ സ്വാഗതം ചെയ്തു. പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധി മര്‍ട്ടീന വൈറ്റ് മുഖ്യ പ്രഭാഷണം നടത്തി.

അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യൂദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. ഫിലിപ്പോസ് ചെറിയാന്‍ അമ്മമാരെ പരിചയപ്പെടുത്തി. അമ്മമാരെ അനുമോദിച്ചു കൊണ്ട് പമ്പയുടെ യൂത്ത് പ്രതിനിധി ആഷ്ലിന്‍ ഡാനിയല്‍ മാതൃദിനസന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവ രുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ച കുമാരി ആഷ്ലിന്‍ ഡാനിയല്‍ അമ്മമാരെ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു. അമ്മമാരെ പൂക്കളും സമ്മാനങ്ങളും നല്‍കി ആദരിച്ചു.

കോവിഡ് മഹാമാരിയുടെ ഭീകരാവസ്ഥയില്‍ ആരോഗ്യസംരക്ഷണ നിയമ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനെ ആദരിയ്ക്കുകയും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.