കൊല്ലം: പത്തനാപുരം കടാശ്ശേരിയില്‍ നിന്നും കാണാതായ രാഹുലിനെ കണ്ടെത്താന്‍ സംയുക്ത തെരച്ചില്‍. വനംവകുപ്പ് ഉദ്യോഗസ്ഥരും,പോലീസും, നാട്ടുകാരും ചേര്‍ന്നാണ് സംയുക്തമായി തെരച്ചില്‍ നടത്തുന്നത്. ഓഗസ്റ്റ് പത്തൊന്‍പതിനാണ് രാഹുലിനെ വീട്ടില്‍ നിന്നു കാണാതായത്.

രാത്രിയില്‍ കിടന്ന് ഉറങ്ങിയ രാഹുലിനെ താല്‍ക്കാലിക ഷെഡില്‍ നിന്നും കാണാതാവുകയായിരുന്നു. വനത്തിനോട് ചേര്‍ന്നാണ് രാഹുലിന്റെ വീട്. മൊബൈല്‍ ഗെയിം കളിക്കുന്നതില്‍ താല്‍പര്യം ഉള്ള രാഹുല്‍ റെയിഞ്ച് കിട്ടാന്‍ പലപ്പോഴും വനത്തില്‍ പോവുക പതിവാണ്. അത്തരത്തില്‍ വനത്തില്‍ കയറിയ വഴിക്ക് അപകടം സംഭവിച്ചിരിക്കാനാണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം.

കാണാതായ നാള്‍ മുതല്‍ തന്നെ വനംവകുപ്പും പോലീസും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. എന്നാലും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് വീടിനോട് ചേര്‍ന്ന പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. സംയുക്ത തിരച്ചിലില്‍ നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

രാഹുലിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. മറ്റു സ്ഥലത്ത് എവിടെയെങ്കിലും മാറി നില്‍ക്കുകയാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രികരിച്ചും അന്വേഷണം തുടരുകയാണ്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയായതിനു ശേഷം തുടര്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു രാഹുല്‍. പുലി ഉള്‍പ്പടെ ധാരാളം വന്യമൃഗങ്ങള്‍ ഉള്ള പ്രദേശമാണ് കടശ്ശേരി.