പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ യുവകര്ഷകന് പി.പി. മത്തായി മരിച്ച കേസില്‍ വനപാലകര്‍ക്കെതിരേ കേസെടുക്കുന്നതിനു മുന്നോടിയായി പോലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിയിലെത്തി. റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്. പ്രദീപ് കുമറാണ് ഐപിസി 157 പ്രകാരം പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് എഫ്ഐആര്‍ ഇട്ടിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജൂലൈ 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ സ്വദേശി മത്തായി കിണറ്റില്‍ വീണ് മരിച്ചത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രകാരം ഐപിസി 304 പ്രകാരം നരഹത്യ 364 (എ) പ്രകാരം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടല്‍ തുടങ്ങി പത്ത് വകുപ്പുകളിലാണ് പുതിയ റിപ്പോര്‍ട്ട് അ നുസരിച്ച് പ്രകാരമാണ് കേസ്. എന്നാല്‍, പ്രതികളുടെ പേരുവിവരം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
അന്യായമായ തടങ്കല്‍, ഭീഷണി, ശാരീരിക-മാനസിക പീഡനം, കൃത്രിമ രേഖ ചമയ്ക്കല്‍, സത്യവിരുദ്ധമായ കാര്യങ്ങള്‍ സത്യമെന്ന വ്യാജേന സമര്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തെറ്റായ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയത്. മത്തായിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനു മുന്‍പ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയില്ല, മരണ ശേഷം ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറി കടത്തിക്കൊണ്ടുപോയി കൃത്രിമം നടത്തി തുടങ്ങി വനപാലകര്‍ നടത്തിയ നിയമലംഘനങ്ങള്‍ പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന കാമറ തകര്‍ത്തുവെന്നു പറഞ്ഞ് വനപാലകര്‍ മത്തായിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മത്തായി കിണറ്റില്‍ ചാടി എന്നായിരുന്നു വനപാലകരുടെ വിശദീകരണം. സാക്ഷിയെന്നു പറയുന്ന യുവാവിന്റെ ഫോണില്‍നിന്ന് മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിനപ്പുറം കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മുഴുവന്‍ ശിക്ഷിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും മത്തായിയുടെ കുടുംബം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മത്തായിയുടെ മൃതദേഹം 17 ദിവസമായി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



