റിയാദ്: യു എ ഇ അടക്കം പതിനൊന്ന് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി. യു എ ഇ, അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, അയര്‍ലന്‍ഡ്. പോര്‍ച്ചുഗല്‍, സ്വീഡന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയടക്കം ഒമ്ബതുരാജ്യങ്ങളില് നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരും.
ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഇതോടെ സൗദിയിലേക്ക് പോകാനായി യു എ ഇയിലെത്തി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് യാത്രയ്ക്കുള്ള വഴിയൊരുങ്ങി. ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് സൗദി വിലക്ക് നീക്കിയത്.
നിലവില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് യു എ ഇയിലേക്കും സൗദിയിലേക്കും നേരിട്ട് പ്രവേശിക്കാനാകില്ല. അടുത്തമാസം 14ന് ശേഷം യു എ ഇ യാത്രാവിലക്ക് പിന്‍വലിച്ചേക്കുമെന്നാണ് സൂചന. രണ്ടുഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ നിരീക്ഷണം നിര്‍ബന്ധമല്ല. ഇന്ത്യയില്‍ കൊവീഷീല്‍ഡ് എന്നറിയപ്പെടുന്ന ആസ്ട്രാസെനക്ക വാക്സിന് സൗദി അംഗീകരിച്ചിട്ടുണ്ട്.



