ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോടതിയുടെ പടികൾ കയറാൻ കഴിയാതിരുന്ന വൃദ്ധയുടെ കേസ് കേടതിയുടെ മുന്നിലെ പടികളിലിരുന്ന് തീർപ്പാക്കി ജഡ്ജ്. തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലാ കോടതിയിലാണ് സംഭവം.
മുടങ്ങിപോയ ക്ഷേമ പെൻഷൻ തുക ലഭിക്കാൻ വേണ്ടി നൽകിയ പരാതിയിൽ വാദം കേൾക്കാനായിരുന്നു വ്യദ്ധ കോടതിയിൽ എത്തിയത്. എന്നാൽ, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പടികൾ കയറാൻ സാധിക്കാതിരുന്ന സ്ത്രീ കോടതിയ്ക്ക് മുന്നിൽ ഇരിക്കുകയായിരുന്നു.
വൃദ്ധയ്ക്ക് മുകളിലേക്ക് കയറിവരാൻ സാധിക്കുന്നില്ലെന്ന വിവരം ക്ലർക്ക് പറഞ്ഞതിനെ തുടർന്ന് ജില്ലാ ജഡ്ജ് പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് തന്റെ സീറ്റിൽ നിന്നുമിറങ്ങുകയും തുടർന്ന് കോടതിയ്ക്ക് മുന്നിലെ പടിക്കെട്ടിൽ വൃദ്ധയ്‌ക്കൊപ്പം ഇരുന്ന് പ്രശ്നം കേൾക്കുകയും കേസിൽ പരിഹാരമുണ്ടാക്കി കൊടുക്കുകയുമായിരുന്നു.



