അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യ പിടിച്ചെടുത്തെന്ന അവകാശവാദവുമായി താലിബാൻ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്‌ച്ച രാത്രി നടന്ന താലിബാന്റെ ആഹ്ലാദപ്രകടനത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ പഞ്ച്ശീർ പിടിച്ചെടുത്തെന്ന താലിബാൻ വാദം പ്രതിരോധ സേന നിഷേധിച്ചു.
സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താൽ അഫ്ഗാൻ മുഴുവൻ തങ്ങൾ ഭരിക്കുന്നുവെന്നാണ് താലിബാൻ വക്താക്കൾ ഇന്നലെ അറിയിച്ചത്. പ്രതിരോധ സേന പരാജയപ്പെട്ടു. പഞ്ച്ശീർ ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാൻ ഭീകരർ അവകാശപ്പെട്ടത്. തുടർന്ന് വിജയത്തിന്റെ ആഹ്ലാദ പ്രകടനമായി ആകാശത്തേയ്‌ക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി വ്യോമാക്രമണങ്ങളും താലിബാൻ നടത്തി.
പഞ്ച്ശീർ പിടിച്ചെടുത്തെന്ന താലിബാൻ വാദത്തിനെതിരെ പ്രതികരിച്ച് മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും എത്തിയിരുന്നു. പഞ്ച്ശീർ പ്രവിശ്യ കീഴക്കാൻ താലിബാന് കഴിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് സലേ പ്രതികരിച്ചത്. സലേ രാജ്യം വിട്ടതായും താലിബാൻ അനുകൂലികൾ പ്രചാരണം നടത്തിയിരുന്നു. എന്നാൽ താൻ സ്വന്തം വസതിയിലുണ്ടെന്നും അഫ്ഗാൻ മണ്ണിന് വേണ്ടി പോരാടുമെന്നും സലേ പറഞ്ഞു.
പഞ്ച്ശീർ കീഴടക്കിയെന്ന വാർത്ത വ്യാജമാണെന്ന് അഹ്മദ് മസൂദും ട്വീറ്റ് ചെയ്തു. രാജ്യത്ത് കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ യുദ്ധം ചെയ്യുന്ന ഇരു വിഭാഗങ്ങളോടും മുൻ പ്രസിഡന്റ് ഹമീദ് കർസായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പാഞ്ച്ശീർ പ്രവിശ്യ കീഴടക്കാൻ അൽഖ്വായിദയുമായി താലിബാൻ കൈകോർത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.



