നൊബേല്‍ പുരസ്കാരം ലഭിച്ച ഏക മെക്സിക്കന്‍ ശാസ്ത്രജ്ഞനായ മാരിയോ മൊളീന (77) അന്തരിച്ചു. സ്വദേശമായ മെക്സിക്കോ സിറ്റിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. 25 വര്‍ഷം മുമ്പ്(1995ല്‍) രസതന്ത്രത്തിന് നൊബേല്‍ ലഭിച്ച മോളിന ഇക്കൊല്ലത്തെ രസതന്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ച ദിവസം തന്നെയാണ് മരിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയ പഠനങ്ങളില്‍ ശ്രദ്ധ ചെലുത്തി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ ബറാക് ഒബാമയുടെ 21 ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഷെര്‍വുഡ് റോളണ്ട്, നെതര്‍ലന്‍ഡ്സുകാരന്‍ പോള്‍ ക്രട്സണ്‍ എന്നിവര്‍ക്കൊപ്പം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നടത്തിയ പഠനത്തിനായിരുന്നു നൊബേല്‍.1974ല്‍ റോളണ്ടുമായി ചേര്‍ന്ന് മൊളീന പ്രസിദ്ധീകരിച്ച പ്രബന്ധം ക്ലോറോഫ്ലൂറോ കാര്‍ബണുകളുടെ (സിഎഫ്സി) ഉപയോഗം ഓസോണ്‍ പാളിയുടെ കട്ടി കുറയാന്‍ കാരണമാകുന്നതായി സ്ഥാപിച്ചു. ഇതാണ് സിഎഫ്സിയുടെ ഉപയോഗത്തിനെതിരായ മോണ്ട്റിയല്‍ ഉടമ്പടിക്ക് വഴിവച്ചത്. പിന്നീട്, മെക്സിക്കോ സിറ്റി ഉള്‍പ്പെടെ വന്‍ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള പഠനത്തിലായി ശ്രദ്ധ.
അവസാനമായി പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ കോവിഡ് പകര്‍ച്ച തടയാന്‍ മാസ്ക് ഉപയോഗത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു.