പാലക്കാട്: നെന്മാറയില്‍ യുവതിയെ പത്തുകൊല്ലം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നെന്മാറയിലെത്തി റഹ്മാനെയും സജിതയെയും കണ്ടശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്‍റെ പ്രതികരണം.

പത്തുകൊല്ലം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചതില്‍ മനുഷ്യാവകാശ ലംഘനമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നെന്മാറയിലെത്തിയത്. റഹ്മാനെയും സജിതയും കണ്ട കമ്മീഷന്‍ അംഗം ഒളിവിലിരുന്ന വീട്ടിലും സന്ദര്‍ശനം നടത്തി.

കമ്മിഷന്റെ അന്വേഷണ വിഭാഗം ഈ സംഭവത്തില്‍ വിശദമായി പരിശോധന നടത്തുമെന്നും കമ്മീഷന്‍ അംഗം ബൈജുനാഥ് പറഞ്ഞു. അതിനിടെ പത്തുകൊല്ലം ഇരുവരും വീട്ടില്‍ ഒളിവില്‍ കഴിഞ്ഞെന്ന വാദം റഹ്മാന്‍റെ പിതാവ് മുഹമ്മദ് ഗനി തള്ളി.