ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റി വയ്ക്കണമെന്നും പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രിമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് പുനപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.എന്നാല്‍, കോവിഡ് മൂലം വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാവുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പരീക്ഷാ നടത്താന്‍ അനുമതി നല്‍കിയ വിധി പുനപരിശോധിക്കാന്‍ കോടതി തയ്യാറായില്ല.



