പറയൂ നിശാഗന്ധി, എന്തേ നീ ഇത്ര സുന്ദരി ആയി
രാവിനെ ഗൂഢമായ് പ്രണയിക്കയാലോ
നീൾ മിഴി പൂട്ടിയതെന്തേ..നാണത്താലോ
ഇളം കാറ്റുമ്മ വച്ചതിനാലോ..
നിശാഗന്ധി, നിൻ നെഞ്ചിലീ മാദകഗന്ധം നിറഞ്ഞതെന്തേ
കാമന്റെ സായകമേൽക്കയാലോ..
നീ എന്തേ മുഖം കുനിച്ചൂ..കരളിലെ നൊമ്പരംകൊണ്ടൊ
നിന്നെ രാകേന്ദു ഒളികണ്ണാൽ നോക്കിയിട്ടോ..
ആരു നീ നിശാഗന്ധി, ഭൂമിയിൽ വന്നോരപ്സരസ്സോ..
പ്രണയിച്ചു തീരാത്ത ദേവതയോ..
പ്രണയം ഭ്രമമായ് മധുര നൊമ്പരമായ്
നിന്നിൽ നിറച്ചു എൻ കനവായ് നീ രാപൂവേ..
ആരാണു ധന്യ നിശാഗന്ധി, രാവിൽവിടരും നീയോ
നിന്നെ നെഞ്ചിൽ പേറും ഈ മണ്ണോ..
നിന്നിലെ പ്രണയം കടംകൊണ്ട ഞാനോ
നിന്നിലെ ഗന്ധം ലയിച്ച കാറ്റോ, ഈ രാവോ..
പറയൂ നിശാഗന്ധി..