ഷാര്‍ജ: ഷാര്‍ജയിലെ അല്‍ താവൂന്‍ പ്രദേശത്ത് വേള്‍ഡ് എക്സ്പോ സെന്‍ററിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടല്‍ മൂലം ആളപായമുണ്ടായില്ല.
പുലര്‍ച്ചെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ ഉണ്ടായ തീപിടിത്തത്തിന്റെ അപകടകാരണം വ്യക്തമായിട്ടില്ല. നിരവധി തൊഴിലാളികള്‍ കെട്ടിടത്തിന്റെ വിവിധ നിലകളിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് തീപിടുത്തം ഉണ്ടായത്.
അതിരാവിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അപകടവിവരം എത്തിയ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ അല്‍ താവൂന്‍ പ്രദേശത്ത് പോലീസ് ഗതാഗതം നിയന്ത്രിച്ചതോടെ സമീപ പ്രദേശങ്ങളിലും അല്‍ ഇത്തിഹാദ് റോഡിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.



