ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തന്നെ പോലീസ് അനുവദിച്ചില്ലെന്ന് നിര്‍ഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹ. പെണ്‍കുട്ടിയുടെ കുടുംബം തന്നെ വളിച്ചിരുന്നു. ഇതുപ്രകാരം ഹത്‌റാസ് സന്ദര്‍ശിക്കാന്‍ താന്‍ പുറപ്പെട്ടു. എന്നാല്‍ ക്രമാസമാധന പ്രശ്‌നം പറഞ്ഞ് തന്നെ തടയുകയായിരുന്നു. പെണ്‍കുട്ടിക്കായി നിയമനപടി ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്രകാരമാണ് താന്‍ യു പിയിലേക്ക് തിരിച്ചതെന്നും സീമ കുശ്വാഹ പറഞ്ഞു.

അതിനിടെ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. ഹത്റാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞിരുന്നു. ഇതിനു പിന്നാലെ 2012ലെ നിര്‍ഭയ കേസില്‍ ഇരക്ക് വേണ്ടി ഹാജരായ അഭിഭാഷകയെയും തടഞ്ഞിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ എല്ലാ നീക്കങ്ങളും യു പി പോലീസ് നടത്തുന്നതായാണ് ആരോപണം.