ന്യൂയോർക്ക്∙ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇലക്ട്രോണിക് ട്രേഡിംഗ് സിസ്റ്റംസ് (നാസ്ഡാഖ്) ന്യൂജഴ്സിയിൽ നിന്ന് ഡാലസ് /ഫോർട്ട്‌വർത്ത് പ്രദേശത്തേയ്ക്കു മാറാൻ ആലോചിക്കുന്നു. മറ്റ് ട്രേഡിംഗ് എക്സ്ചേഞ്ചുകളും നാസ്ഡാഖും ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്.
ചർച്ചകൾ ആബട്ട് സ്ഥിരീകരിച്ചു. ഉയർന്ന നികുതികളിൽ നിന്ന് രക്ഷപെടാനാണ് അവർ ഈ മാറ്റം ആഗ്രഹിക്കുന്നത്. ഞങ്ങൾ ഈയിടെ നികുതി വർധന നിരോധിക്കുന്ന ഭരണഘടനാ ഭേദഗതി പാസ്സാക്കിയ വിവരം ഞാൻ അവരെ അറിയിച്ചു. ആബട്ട് പറഞ്ഞു.
നാസ്ഡാഖ് അധികൃതർ ടെക്സസ് സന്ദർശിച്ച് ആബട്ടുമായി കൂടിക്കാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. തങ്ങൾ ഗവർണറുമായി വളരെ ഫലപ്രദമായ ചർച്ച നടത്തിയതായി അവർ അറിയിച്ചു. നേരിൽ കണ്ടു സംസാരിക്കുമ്പോൾ ചർച്ചകൾ കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് കരുതുന്നതായി അവർ പറഞ്ഞു.
നാസ്‍ഡാഖിന് ഇപ്പോൾ സംസ്ഥാനത്ത് 87 ജീവനക്കാരുണ്ട്. നാസ്ഡാഖ് അധികൃതരെ ഏറെ ആകർഷിച്ചത് ആബട്ട് മുന്നോട്ടു വച്ച ഇൻഫ്രാസ്ട്രക്ചറിന് ലഭ്യമാകുന്ന സംസ്ഥാനത്തെ വിൻഡ് ഫാമുകളിൽ നിന്നുള്ള റിന്യൂവബൾ എനർജിയുടെ സ്രോതസാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഒട്ടനവധി കമ്പനികളുടെ ‘ട്രേഡിംഗ് ഫ്ലാറ്റ്ഫോമാണ് നാസ്ഡാഖ്.
ഫോർട്ട്‌വർത്തിന് വടക്ക് അലയൻസ് ടെക്സസിൽ ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്തി ഫെയ്സ്ബുക്ക് ഭീമൻ ഡേറ്റ സെന്റർ ആരംഭിച്ചപ്പോൾ 17,000 ഏക്കർ വരുന്ന വിന്റ്ഫാമിൽ നിന്ന് ഇലക്ട്രിസിറ്റി വാങ്ങാമെന്ന് വാഗ്ദാനം നൽകിയിരുന്നു. 2017 ൽ പ്രവർത്തനം ആരംഭിച്ച 150 ഏക്കർ കാമ്പസ് കൂടുതൽ വിപുലീകരിക്കുകയാണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ ഓഹരികളുടെ ക്രയവിക്രയവും നാസ്ഡാഖ് വഴി നടക്കുന്നു.
സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ആസ്ഥാനത്തിന് ശ്രമിക്കുന്നത് ഡിഎഫ്ഡബ്ല്യു ഏരിയ മാത്രമല്ല, വെർജിനിയ, നോർത്ത് കരോലിന, ഇല്ലിനോയ് എന്നിവയും നാസ്ഡാഖ് ആസ്ഥാനത്തിനുവേണ്ടി രംഗത്തുണ്ട്. നാസ്ഡാഖ് വൈസ് പ്രസിഡന്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ജോ ക്രിസ്റ്റിനാറ്റ് തങ്ങൾ ലഭ്യമായ എല്ലാ ഉപാധികളും പരിശോധിച്ചു വരികയാണെന്ന് പറഞ്ഞു. പ്രഥമ പരിഗണന യുഎസ് ക്യാപിറ്റൽ മാർക്കറ്റുകളുടെയും നിക്ഷേപകരുടെയും സുരക്ഷയാണ്.
ന്യൂജേഴ്സി സംസ്ഥാനം നാസ്ഡാഖിനും മറ്റ് എക്സ്ചേഞ്ച് ഹൗസുകൾക്കും സാമ്പത്തിക ഇടപാടുകൾക്ക് മേൽ നികുതി ചുമത്താൻ തീരുമാനിച്ചതാണ് ആസ്ഥാനങ്ങൾ മാറ്റുവാൻ ഇവരെ പ്രേരിപ്പിച്ചത്. എൻവൈഎസ്ഇ, നാസ്ഡാഖ്, സിബിഒഇ ഗ്ലോബൽ മാർക്കറ്റ്സ് ഇൻക് എന്നിവ സെപ്റ്റംബറിൽ തന്നെ ന്യൂജേഴ്സിയ സംസ്ഥാനം നികുതി നിയമം പാസാക്കിയാൽ ആസ്ഥാനം മാറ്റുമെന്ന് പറഞ്ഞിരുന്നു. പ്രതിവർഷം ഒരുലക്ഷത്തിലധികം ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ ഇടപാടിനും കാൽ സെന്റ് നികുതി നൽകണം എന്നതാണ് പുതിയ നിയമം.
ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി(ഡെമോക്രാറ്റ്) ഈ നിയമം പിന്താങ്ങുന്നതായി അറിയിച്ചു. ന്യൂജേഴ്സി ഈ സാമ്പത്തിക വർഷം 5.63 ബില്യൺ ഡോളർ കമ്മി നേരിടുന്നു. കാരണം കൊറോണ വൈറസ് കാലത്തെ ഷട്ട് ഡൗണാണ്.ഫൈനാൻഷ്യൽ സർവീസസ് സ്ഥാപനങ്ങളിലെ 2 ലക്ഷം ജീവനക്കാർ ന്യൂജേഴ്സി സാമാജികൻ ജോൺ മക്കിയോന് (ഇയാളാണ് നികുതി വർധന പ്രമേയം അവതരിപ്പിച്ചത്) ഒരു കത്തയച്ചു.
ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ നികുതി വർധന മൂലം തങ്ങളുടെ ഇലക്ട്രോണിക് ഇൻഫ്രാസ്ട്രക്ചർ സംസ്ഥാനത്ത് നിന്ന് മാറ്റും. ഇതുമൂലം തൊഴിൽ സാധ്യതയും വരുമാനവും കുറയും എന്ന് കത്തിലൂടെ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ മാസം എൻവൈഎസ്ഇ തങ്ങളുടെ ഇടപാടുകൾ എത്രവേഗം ന്യൂജേഴ്സിയിൽ നിന്ന് മാറ്റാൻ കഴിയും എന്നറിയുവാൻ ഒരു ഡ്രൈ റൺ നടത്തി.