മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ മരിച്ച നിലയില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ് അന്‍സാരി എന്ന യുവാവിനെ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദീകരണം.
ഇന്നലെ വൈകിട്ട് അഞ്ച്മണിക്ക് മൊബൈല്‍ മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ച് നാട്ടുകാരാണ് കിഴക്കേകോട്ടയില്‍ നിന്നും അന്‍സാരി എന്ന യുവാവിനെ പിടികൂടി പൊലീസിന് കൈമാറിയത്. കരിമഠം കോളനിയില്‍ നിന്നുള്ള മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിരുന്നെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നുവെന്നും ഫോര്‍ട്ട് പൊലീസ് പറയുന്നു.
ശിശുസൗഹൃദ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അന്‍സാരിയെ ഇരുത്തിയിരുന്നത്. കുറച്ച് കഴിഞ്ഞ് ബാത്റൂമില്‍ കയറിയ അന്‍സാരിയെ കാണാത്തതിനാല്‍ കതക് തല്ലി തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടതെന്ന് പൊലീസ് പറയുന്നു. ഇയാളെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അന്‍സാരിക്കെതിരെ കേസെടുത്തിരുന്നില്ല. പരാതിക്കാരന് എത്താത്തതിനാലാണ് കേസ് എടുക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചത്.



