പൊലീസിനെ പുലിവാല് പിടിപ്പിച്ച് കൊല്ലം ചാത്തന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന സംഭവവും തുടര്‍ന്നുണ്ടായ യുവതികളുടെ മരണവും. പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മയെ പ്രേരിപ്പിച്ച കാമുകനാരെന്ന് കണ്ടെത്താന്‍ ഫെയ്സ്ബുക് അധികൃതരുടെ സഹായം തന്നെ തേടാനൊരുങ്ങുകയാണ് പൊലീസ്.
എന്നാല്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ മരണത്തിന് പിന്നിലെ കാരണമെന്താണെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. സ്വന്തം ഭര്‍ത്താവില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെങ്കിലും ഫെയ്സ്ബുകിലൂടെ പരിചയപ്പെട്ട ഇതുവരെ കാണാത്ത കാമുകന്‍റെ നിര്‍ദേശ പ്രകാരം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് രേഷ്മ പൊലീസിനു നല്‍കിയ മൊഴി. കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ തന്‍റെ ഫെയ്സ്ബുക് അകൗണ്ട് രേഷ്മ ഡിലീറ്റ് ചെയ്തതിനാല്‍ ആരാണ് ഈ കാമുകനെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ഒന്നുകില്‍ കാമുകനെന്നത് മറ്റെന്തോ കളളം മറയ്ക്കാന്‍ രേഷ്മ സൃഷ്ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാകാം. അല്ലെങ്കില്‍ ഒരു വ്യാജ ഐഡിയായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതികളിലൊരാളായ ആര്യയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതല്ലാതെ ആര്യയെയും ഒപ്പം മരിച്ച ഗ്രീഷ്മയെയും കേസുമായി ബന്ധിപ്പിക്കുന്ന മൊഴിയോ തെളിവുകളോ ഒന്നും തന്നെ കിട്ടിയിട്ടില്ല. ഇവിടെയും രണ്ടു സാധ്യതകള്‍ പൊലീസ് കാണുന്നു. ഒന്ന് രേഷ്മ ഗര്‍ഭിണിയായിരുന്ന കാര്യം മരിച്ച യുവതികള്‍ക്ക് അറിയാമായിരുന്നു. രണ്ട് പ്രസവത്തിനും കുഞ്ഞിനെ ഉപേക്ഷിക്കാനും യുവതികളുടെ സഹായവും രേഷ്മയ്ക്ക് കിട്ടിയിരുന്നിരിക്കാം.
വ്യാജ ഐഡിയിലൂടെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം മരിച്ച യുവതികള്‍ക്ക് അറിയാമായിരുന്നോ എന്നും മറ്റൊരു സംശയമാണ്.



