കൊടുവള്ളി∙ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതു കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തതോടെ പ്രതിസന്ധിയിലായി ഇടതുപക്ഷം. കൊടുവള്ളിയിലെ ഇടതുപക്ഷ രാഷ്ടീയത്തിൽ തന്ത്രങ്ങൾ മെനയുന്ന പ്രധാനിയായിരുന്നു ഫൈസൽ. കൊടുവള്ളിയിൽ നിന്നുള്ള രണ്ട് എംഎൽഎമാരുടെയും മനസാക്ഷി സൂക്ഷിപ്പുകാരൻ. ഫൈസൽ രണ്ടാം തവണയാണ് നഗരസഭ കൗണ്‍സിലറാകുന്നത്.നിലവിൽ കൊടുവള്ളി ടൗൺ വാർഡ് കൗൺസിലറാണ് ഫൈസൽ. നഗരസഭ സംവരണ നറുക്കെടുപ്പിൽ ടൗൺ വാർഡ് സംവരണമായപ്പോൾ തൊട്ടടുത്ത ജനറൽ വാർഡിലേക്കുള്ള സ്ഥാനാർഥിയായി നവ മാധ്യമങ്ങളിൽ പ്രചരണമാരംഭിച്ച് ഇരുട്ടി വെളുത്തപ്പോഴേക്കും കസ്റ്റംസ് കസ്റ്റഡിയിലായി.
കൊടുവള്ളിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മാനേജിങ് പാർട്നർ കൂടിയായ ഫൈസൽ 12 വർഷം മുമ്പ് പി.ടി.എ റഹിം മുസ്‌ലിം ലീഗ് വിട്ട് നാഷനൽ സെക്കുലർ കോൺഫറൻസ് പാർട്ടി രൂപീകരിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. പിന്നീട് റഹിം ഐഎൻഎല്ലിൽ ലയിച്ചപ്പോൾ അതിന്റെ ചുക്കാൻ പിടിച്ച് ഇടതുപക്ഷത്തിനൊപ്പവുമായി.
2016ൽ നവകേരളയാത്രയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊടുവള്ളിയിൽ ജാഥയ്ക്ക് ഉപയോഗിച്ച മിനി കൂപ്പർ കാറിന്റെ ഉടമയായിരുന്നു ഫൈസൽ കാരാട്ട്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കെ.ടി.റമീസിന്റെ മൊഴിയിൽ നിന്നാണ് ഫൈസൽ കാരാട്ടിന്റെ പങ്കാളിത്തം പുറത്തു വന്നതെന്നാണ് വിവരം.



