ഇറാൻ അതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനം വെടിവച്ചിട്ട സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻബിസി ന്യൂസിന് നൽകിയ ഹ്രസ്വ അഭിമുഖത്തിലാണ് ട്രംപ് തന്റെ ആദ്യ പ്രതികരണം രേഖപ്പെടുത്തിയത്. വിമാനം തകർന്നത് ചർച്ചകളെ തകിടം മറിക്കുമോ എന്ന ചോദ്യത്തിന് “ഇല്ല, ഒരിക്കലുമില്ല. നമ്മൾ യുദ്ധത്തിലാണ്, ഇത് യുദ്ധമാണ്,” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.

സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള ട്രംപിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്. നിലവിൽ നടക്കുന്ന സൈനിക നടപടികളെക്കുറിച്ചോ പൈലറ്റുമാരെ കണ്ടെത്താനുള്ള തിരച്ചിലിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. സൈനിക നീക്കങ്ങൾ അതീവ രഹസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സങ്കീർണ്ണമായ സൈനിക നടപടികളെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു.