2017 ലെ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത, തന്‍റെ കൂട്ടബലാല്‍സംഗത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കീഴ്‌ക്കോടതികളുടെ കസ്റ്റഡിയിലിരിക്കെ നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചു.

മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേന സമർപ്പിച്ച ഹർജിയിൽ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിചാരണക്കോടതി മുൻപ് നടത്തിയ അന്വേഷണം “സ്വാഭാവിക നീതിയുടെ തത്വങ്ങളെ നേരിട്ട് ലംഘിച്ചുകൊണ്ടാണ് നടത്തിയത്” എന്ന് നടി അവകാശപ്പെട്ടിട്ടുണ്ട്.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച നടപടി, കോടതിയിൽ നിന്ന് നീതിക്കായി കാത്തിരിക്കുന്ന തനിക്ക് വലിയ രീതിയിൽ “വീണ്ടും ഇരയാക്കപ്പെടുന്നതിനും” “മാനസിക ആഘാതം സൃഷ്ടിക്കുന്നതിനും” കാരണമായി എന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവങ്ങളിൽ ഒന്ന് നടന്നത് ഏത് ജഡ്ജിയുടെ കസ്റ്റഡിയിലായിരുന്നോ, ആ ജഡ്ജി തന്നെയാണ് മുൻപത്തെ അന്വേഷണം നടത്തിയത് എന്നാണ് ഹർജിയിലെ പ്രധാന അവകാശവാദം.