ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് ഇളയദളപതി വിജയ്. രാജ്യമൊട്ടാകെ ആരാധകരുള്ള വിജയ് തന്റെ ശക്തമായ നിലപാടുകള്‍ കൊണ്ടുമം ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാണ്.
ഇപ്പോഴിതാ, താരത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി പ്രദര്‍ശിപ്പിക്കുന്ന ചില പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയ് മത്സരിക്കും എന്നത് സംബന്ധിച്ച സൂചനകളാണ് ഇത് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് തമിഴ്നാട്ടിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ചില പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. വിജയിയെ എംജിആറായും ഭാര്യ സംഗീതയെ ജയലളിതയായും കാണിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് തമിഴ്നാട്ടില്‍ പ്രചരിക്കുന്നത്. മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് ഇത്തരം പോസ്റ്ററുകള്‍ കൂടുതല്‍ പ്രചരിക്കുന്നത്.
ബിഗില്‍ എന്ന സിനിമ പുറത്തിറങ്ങിയ ശേഷം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ വിജയ് നല്‍കിയിരുന്നു. ജിഎസ്ടി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളെ ബിഗില്‍ സിനിമയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത് നിരവധി വിവാദങ്ങള്‍ക്ക് കാരണമായി. ജാതിയുടെയും പേരിന്റെയും പേരില്‍ താരം ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.