കണ്ണൂര്‍: നഗരമധ്യത്തില്‍ കാടു പിടിച്ച സ്ഥലം വൃത്തിയാക്കി കഞ്ചാവ് തോട്ടം വെച്ചുപിടിപ്പിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിനു സമീപമാണ് സംഭവം.

കണ്ണൂര്‍ നഗര മധ്യത്തില്‍ സ്റ്റേഡിയത്തിനും പൊലീസ് ക്വാര്‍ട്ടേഴ്സിനും സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് പിറകിലാണ് കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയത്. സംഭവത്തില്‍ അസം ബംഗായി സ്വദേശി ഖുര്‍ഷിദ് ആലം (27) അറസ്റ്റിലായി.

ക്വാര്‍ട്ടേഴ്സിന് പിന്നില്‍ കാട് പിടിച്ച ഭാഗം ശുചീകരിച്ചാണ് ചെടികള്‍ നട്ടുവളര്‍ത്തിയത്. 90 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഒരു മീറ്ററോളം ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ക്ക് നാലു മാസത്തിലേറെ പ്രായമുണ്ട്. 50 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്ററിലധികം ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്. സമൃദ്ധമായി വളര്‍ന്ന നിലയിലായിരുന്നു ചെടികള്‍.

അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.