ദക്ഷിണ കൊറിയയില്‍ കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു.രാജ്യത്ത് മെയ് മാസത്തോടെ കൊറോണയുടെ രണ്ടാം വരവുണ്ടായെന്ന് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവി ജുങ് എന്‍ ക്യോങ് വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പുതിയ കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാലാണ് രോഗവ്യാപനത്തിന്റെ രണ്ടാംവരവാണിതെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയത്. ഏപ്രില്‍ മാസത്തോടെ രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചുവെന്നും രണ്ടാം വരവിന്റെ സൂചനകളാണ് ഇപ്പോഴുള്ളതെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍.
കോവിഡിന്റെ വ്യാപനത്തെ വിജയകരമായി മറികടന്ന രാജ്യമായിരുന്നു ഇതുവരെ ദക്ഷിണ കൊറിയ. വന്‍തോതിലുള്ള വ്യാപനം കുറയുകയും അത് വളരെ കുറച്ച് കേസുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. ലോക് ഡൗണ്‍ ഇളവുകള്‍ക്കു പിന്നാലെ മേയ് ആദ്യം സിയൂളിലെ നിശാക്ലബുകള്‍ അടക്കം തുറന്നതോടെയാണു രണ്ടാം വ്യാപനം ആരംഭിച്ചത്.
ദക്ഷിണ കൊറിയില്‍ ഇതുവരെ 280 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ആകെ 12,000 ആളുകളിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.