തെലങ്കാനയിലെ പ്രണയ്കുമാര്‍ വധക്കേസിനെ ആസ്പദമാക്കി രാം ​ഗോപാല്‍ വര്‍മ ഒരുക്കുന്ന ചിത്രത്തിനെതിരേ രൂക്ഷ വിമര്‍ശനം. ലോക പിതൃദിനത്തിലണ് രാം​ ​ഗോപാല്‍ വര്‍മ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്.

സവര്‍ണ വിഭാഗത്തില്‍പ്പെട്ട പ്രണയ് കുമാറിനെ സ്‌നേഹിച്ച്‌ കല്ല്യാണം കഴിച്ചതിനെ തുടര്‍ന്ന ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരനായ പ്രണയ്കുമാറിനെ അമൃതയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തെ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് രാംഗോപാല്‍ വര്‍മ്മ. ഇതിന് പിന്നാലെ സംവിധായകനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

‘ഒരു മകളെ വളരെയധികം സ്‌നേഹിക്കുന്ന ഒരു പിതാവിന്റെ, അമൃത- മാരുതി റാവു തലമുറകളുടെ കഥയെ അടിസ്ഥാനമാക്കിയുള്ള ഹൃദയഭേദകമായ സിനിമയാണിത്’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു രാം ഗോപാല്‍ വര്‍മ്മ പോസ്റ്റര്‍ പുറത്തുവിട്ടത്. പിതാവിന്റെ അമിതമായ സ്‌നേഹത്തില്‍ നിന്നാണ് പിന്നീട് ഉണ്ടായ സംഭവങ്ങള്‍ എന്നാണ് സംവിധായകന്റെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

ഇന്ത്യയൊട്ടാകെ ചര്‍ച്ചയായ സംഭവമാണ് 2018 ലെ പ്രണയ്കുമാര്‍ വധം. എതിര്‍പ്പ് വകവെയ്ക്കാതെ ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരനായ പ്രണയ്കുമാറിനെ അമൃതവര്‍ഷിണി വിവാഹം കഴിച്ചതിലുള്ള പകതീര്‍ക്കാന്‍ അച്ഛനും അമ്മാവനുമാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയത്.

ഗര്‍ഭിണിയായിരുന്ന അമൃതവര്‍ഷിണിക്കും മാതാവിനുമൊപ്പം ഡോക്ടറെ കണ്ട് മടങ്ങുമ്ബോള്‍ മിരിയാല്‍ഗുഡയിലെ ആശുപത്രിക്ക് മുന്നില്‍വെച്ചായിരുന്നു കൃത്യം നടത്തിയത്. അമൃതവര്‍ഷിണിയുടെയും മാതാവിന്റെയും മുന്നില്‍വെച്ച്‌ പ്രണയിനെ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.

പ്രണയ്കുമാറിനെ വെട്ടിക്കൊന്ന സുഭാഷ് ശര്‍മയെയും ആറ് കൂട്ടാളികളെയും ബിഹാറില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമൃതയുടെ അമ്മാവന്‍ ശരവണന്‍, മാരുതി റാവുവിന്റെ സുഹൃത്തും പ്രാദേശികകോണ്‍ഗ്രസ് നേതാവുമായ അബ്ദുള്‍ കരീം എന്നിവരും പിടിയിലായിരുന്നു. സമ്ബന്നനും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായ മാരുതി റാവുവും സഹോദരനും ചേര്‍ന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

ഭര്‍ത്താവിനെ വെട്ടിക്കൊന്ന അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങി അമൃത വര്‍ഷിണി രംഗത്തെത്തിയിരുന്നു.. “ജസ്റ്റിസ് ഫോര്‍ പ്രണയ്” എന്ന ഫേസ്ബുക്ക് ക്യാംപയിനിലൂടെയായിരുന്നു പൊതുജനത്തിന്റെ സഹായത്തോടെ അമൃത പോരാട്ടത്തിനൊരുങ്ങിയത്. അമൃതയുടെ അച്ഛന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.