കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാനായി ദിനേഷ് കുമാര്‍ ഖാര ചുമതലയേറ്റു. മൂന്നുവര്‍ഷമാണ് കാലാവധി. എസ്ബിഐ ഗ്ലോബല്‍ ബാങ്കിംഗ് ആന്‍ഡ് സബ്‌സിഡിയറീസ് മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ചെയര്‍മാനായിരുന്ന രജനീഷ് കുമാര്‍ റിട്ടയര്‍ ചെയ്തതിനെത്തുടര്‍ന്നാണ് ഖാര ചെയര്‍മാനായി സ്ഥാനമേറ്റത്.
റീട്ടെയില്‍, കമ്പനി വായ്പ, രാജ്യാന്തര ബാങ്കിംഗ് തുടങ്ങിയ ബാങ്കിംഗിന്റെ എല്ലാ മേഖലകളിലുമായി 35 വര്‍ഷത്തിലേറെയുളള അനുഭവസമ്പത്തുമായാണ് ഖാര ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ഖാര മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കുമ്പോഴാണ് ബാങ്കിന്റെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും ലയിപ്പിച്ച് ലോകത്തെ 50 ബാങ്കുകളിലൊന്നായി എസ്ബിഐ മാറ്റിയത്. എസ്ബിഐയില്‍ മാനേജിംഗ് ഡയറക്ടര്‍ ആകുന്നതിനു മുമ്പ് എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചിരുന്നു. ഖാരയുടെ നേതൃത്വത്തില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ മ്യൂച്വല്‍ഫണ്ടായി ഉയര്‍ന്നു.
1984-ല്‍ പ്രബേഷണറി ഓഫീസറായിട്ടായിരുന്നു ഖാര എസ്ബിഐയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ബാങ്കില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. ഭോപ്പാല്‍ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജറായിരുന്ന സമയത്ത് 1400 ശാഖകളും 1.5 ലക്ഷം കോടി രൂപയുടെ ബിസിനസും മാനേജ് ചെയ്തു. തുടര്‍ന്ന ബാങ്കിന്റെ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. ഇന്ത്യന്‍ ഓഷന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് മൗറീഷ്യസ് (ഇപ്പോള്‍ എസ്ബിഐ മൗറീഷ്യസ്) പിടി ബാങ്ക് ഇന്തോമോണക്‌സ് (എസ്ബിഐ ഇന്തോനേഷ്യ) എന്നീ ബാങ്കുകള്‍ ഏറ്റെടുക്കുന്നതില്‍ ഖാരയാണ് മുഖ്യ പങ്കു വഹിച്ചത്.
അസോസിയേറ്റ്‌സ് ആന്‍ഡ് സബ്‌സിഡിയറീസ് ഡിപ്പാര്‍ട്ടിന്റെ ചുമതല ഖാരയ്ക്കായിരുന്നു. ആ കാലയളവില്‍ എസ്ബിഐയുടെ ബാങ്കിംഗേതര സബ്‌സിഡിയറികളുടെ പ്രവര്‍ത്തനത്തിലും അവയുടെ വളര്‍ച്ചാതന്ത്രം രൂപീകരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.
കൊമേഴ്‌സിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവുമുള്ള ഖാര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ് സര്‍ട്ടിഫൈഡ് അസോസിയേറ്റും കൂടിയാണ്.
ദിനേഷ് കുമാര്‍ ഖാര എസ്ബിഐ ചെയര്‍മാനായി ചുമതലയേറ്റു
