ഹവാന: ദരിദ്ര കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍ അയച്ച ഭക്ഷണസാധനങ്ങള്‍ ക്യൂബന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. അമേരിക്കയില്‍ നിന്ന് എത്തിയ ഭക്ഷണസാധനങ്ങളാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഭക്ഷണത്തിന് പുറമെ സാനിട്ടറി നാപ്കിനുകളും, സോപ്പും, മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ സാധനങ്ങളാണ് സര്‍ക്കാര്‍ പിടിച്ചെതുത്തതെന്ന് ക്രൈസ്തവ സഭകള്‍ വ്യക്തമാക്കി.
ഫൗണ്ടേഷന് ഫോര്‍ പാന്‍ അമേരിക്കന്‍ ഡെമോക്രസി എന്ന സന്നദ്ധ സംഘടനയും, മനുഷ്യാവകാശ പ്രവര്‍ത്തകയായ റോസ മരിയ പായ, മയാമി മേയര്‍ ഫ്രാന്‍സിസ് സുവാരസ് എന്നിവര്‍ ഈ മനുഷ്യത്വഹീനമായ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് എത്തിയ കിറ്റുകള്‍ ക്യൂബയില്‍ എത്തിയ ഉടനെ തന്നെ സര്‍ക്കാര്‍ പിടിച്ചുവെക്കുകയായിരുന്നു.
സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ക്യൂബയിലെ ക്രിസ്ത്യന്‍ കുടുംബങ്ങളും രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് അയക്കുന്ന സഹായങ്ങള്‍ ക്യൂബയിലെ കുടുംബങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മെയ് 25നു ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തയച്ചിരുന്നു.
ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തില്ലെങ്കില്‍ അവ നശിച്ചുപോകുമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അറിയിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല.



