തൃശൂര്‍: കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവായിരുന്ന തൃശൂര്‍ ജില്ലയില്‍ ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും ആശങ്ക. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അതീവ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ ആറ് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറുത്തുശേരി, വടക്കേകാട്, തൃക്കൂര്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ന്‍മെന്റ് സോണായി തിരിച്ച് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കരുത്. വ്യാപാരസ്ഥാപനങ്ങളിലും ഒരേസമയം മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകരുത്. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അവശ്യസാധനങ്ങള്‍ക്കുള്ള വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ തുറക്കാവൂ, രാവിലെ ഏഴ് മുതല്‍ വെെകീട്ട് ഏഴ് വരെ മാത്രം പ്രവര്‍ത്തിക്കാം. ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാനോ വീടുകളില്‍ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കും. ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ പൊലീസിനു നിര്‍ദേശം നല്‍കി.
ജില്ലയിലെ രോഗികളുടെ എണ്ണം
തൃശൂര്‍ ജില്ലയില്‍ ഇന്നലെമാത്രം 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി.ആര്‍ പുരം സ്വദേശി ഇന്നലെ മരിച്ചു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. ജില്ലയില്‍ വീടുകളില്‍ 13039 പേരും ആശുപത്രികളില്‍ 131 പേരും ഉള്‍പ്പെടെ ആകെ 13170 പേരാണ് നിരീക്ഷണത്തിലുളളത്.