തൃശൂര്‍: ചാലക്കുടി സ്വദേശി ഡിനി ചാക്കോ കൊവിഡ് ബാധിച്ച്‌ മരിച്ച്‌ രണ്ട് ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപറമ്ബ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ തന്നെ മൃതദേഹം സംസ്കരിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബം.

അറകള്‍ ഉള്ള സെമിത്തേരി ആയതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടത്താന്‍ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്. പള്ളിപറമ്ബില്‍ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് പളളി കമ്മിറ്റിയും വ്യക്തമാക്കിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. മാലി ദ്വീപില്‍ നിന്നും മെയ് മാസം നാട്ടിലെത്തിയ ഡിനി തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

ഇദ്ദേഹത്തിന്‍്റെ ഇടവക പള്ളിയായ തച്ചുടപറമ്ബ് സെന്‍്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ കോണ്ക്രീറ്റ് അറകള്‍ ഉള്ള സെമിത്തേരിയാണുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം12 അടി ആഴത്തില്‍ കുഴിയെടുത്തു ഇവിടെ സംസ്കരിക്കാന്‍ ആവില്ല. പള്ളിപ്പറമ്ബില്‍ സംസ്കാരം നടത്താന്‍ അധികൃതര്‍ ഒരുക്കമാണ്. എന്നാല്‍ പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിനെതിരാണ്. ചതുപ്പുള്ള പ്രദേശമായതിനാല്‍ അഞ്ചടി ആഴത്തില്‍ കുഴിക്കുമ്ബോള്‍ തന്നെ വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്കു പടരുമെന്നുമാണ് ഇവരുടെ ആശങ്ക.

പ്രശ്നപരിഹാരത്തിനായി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോള്‍ കണ്ണൂക്കാടന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്ത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു പരിഹാരത്തിലേക്ക് എത്തിയിട്ടില്ല. നഗരസഭയുടെ പൊതുശ്മശാനത്തതില്‍ സംസ്കരിച്ച ശേഷം അവശേഷിപ്പുകള്‍ കല്ലറയില്‍ വയ്ക്കാം എന്ന നിര്‍ദേശം അധികൃതര്‍ മുന്നോട്ട് വച്ചെങ്കിലും. ഡിനിയുടെ കുടുംബം ഇതിന് തയ്യാറായില്ല. കഴിഞ്ഞ 48 മണിക്കൂറായി ഡിനിയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.