പാലക്കാട്: തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ കേസെടുക്കാതെ പൊലീസ് വിട്ടയച്ചു. ലഹരി മരുന്ന് ഉപയോഗിച്ച പ്രതികളെ പിടികൂടിയെങ്കിലും പരിശോധന കൂടാതെയാണ് പൊലീസ് വിട്ടയച്ചത്.
തൃശൂരിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് കഴിഞ്ഞ മാസം നാലിന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അറസ്റ്റിലായ പ്രതി അഭിലാഷിനൊപ്പം പട്ടാമ്ബിയിലെ ആര്യ ഹോട്ടലിലാണ് തങ്ങിയത്. അഭിലാഷിന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തൃത്താല പൊലീസ് ഹോട്ടലിലെത്തിയത്. ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചുകൊണ്ടു പോയെങ്കിലും തൃത്താല പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
കേസിലെ പ്രതി അഭിലാഷിന്‍റെ ബന്ധുവായ ജയപ്രകാശ് എന്ന കോണ്‍ട്രാക്‌ടറാണ് പൊലീസില്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തിയത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. തൃത്താല സ്വദേശിയായ 18 വയസുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ് മുതല്‍ മയക്കുമരുന്നു നല്‍കിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേര്‍ന്നായിരുന്നു പീഡനം നടത്തിയത്.



