ഷാര്‍ജ: വാര്‍ഷിക വാടക കരാര്‍ പ്രകാരം ഫ്ലാറ്റ് എടുക്കുകയും കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് തീപിടിത്തം പോലുള്ള സാഹചര്യങ്ങളാല്‍ താമസം മുടങ്ങുകയും ചെയ്താല്‍ ബാക്കി വരുന്ന കാലയളവിലെ വാടക തിരികെ ലഭിക്കാന്‍ താമസക്കാരന് അര്‍ഹതയുണ്ടെന്നും ഉടമ പണം നല്കാന് വിസമതിച്ചാല്‍ നിയമ നടപടികളിലേക്ക് പോകാവുന്നതാണെന്നും നിയമവിദഗ്ധര്‍. ഷാര്‍ജ ടവര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ഷാര്‍ജ വാടക നിയമത്തിലെ ആര്‍ട്ടിക്ള്‍ ഒമ്ബത് അനുസരിച്ച് യൂനിറ്റ് പരിപാലിക്കേണ്ടത് വാടക ഫ്ലാറ്റിെന്റ ഉടമയുടെ ഉത്തരവാദിത്തമാണ്. അതേ നിയമത്തിലെ ആര്‍ട്ടിക്ള്‍ എട്ട് അടിസ്ഥാനമാക്കി വാടകക്ക് താമസിക്കുന്ന സ്ഥലം അനുയോജ്യമായ അവസ്ഥയില്‍ പരിപാലിക്കുന്നില്ലെങ്കില് വാടകക്കാരന് കരാര്‍ അവസാനിപ്പിക്കാം.
പാട്ടത്തിനെടുത്ത സ്ഥലം അനുയോജ്യമല്ലാത്ത അവസ്ഥയിലോ വലിയ കുറവുകളോടെയോ വാടകക്കാരന് കൈമാറുകയാണെങ്കില്‍, കരാര്‍ അവസാനിപ്പിക്കാന്‍ വാടകക്കാരന് സമിതിയോട് അഭ്യര്‍ഥിക്കാവുന്നതാണ്. അല്ലെങ്കില്‍ അത്തരം അവകാശങ്ങള്‍ കുറയുന്നതിനനുസരിച്ച് വാടക കുറക്കുന്നതിന് അപേക്ഷിക്കാം.
സിവില്‍ ട്രാന്സാക്ഷന് നിയമത്തിലെ ആര്‍ട്ടിക്ള്‍ 773 അനുസരിച്ച്, അപ്പാര്ട്മെന്റിെന്റ ഉടമ തകരാറുകള്‍ പരിഹരിക്കുന്നില്ലെങ്കില്‍ വാടകക്കാരന് കരാര്‍ റദ്ദാക്കാം. അല്ലെങ്കില്‍ വാടക കുറക്കാന്‍ അപേക്ഷിക്കാം.
കരാര്‍ റദ്ദാക്കിയതിന് ശേഷം മുന്‍കൂര്‍ വാടകയുടെ ബാക്കി തുക തിരികെ നല്കാന് ഉടമ വിസമ്മതിച്ചാല്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന ഷാര്‍ജ വാടക തര്‍ക്ക സമിതിയെ (എസ്.അര്.ടി.സി) സമീപിച്ച് റിയല്‍ എസ്റ്റേറ്റ് കമ്ബനിക്കെതിരെ പരാതി നല്‍കാം.



