തിരുവല്ല അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറാളായി ഫാ. ഡോ. ഐസക് പറപ്പള്ളില്‍ ചുമതലയേറ്റു
തിരുവല്ല അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറാളായി ഫാ. ഡോ. ഐസക് പറപ്പള്ളില്‍ സെപ്റ്റംബര്‍ 1 മുതല്‍ ചുമതലയേറ്റു. ബുധന്‍ ഉച്ചകഴിഞ്ഞ്3 ന് തിരുവല്ല മേരിഗിരി അരമന ചാപ്പലില്‍ വെച്ച് അഭി. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക ശുശ്രൂഷയില്‍ മുഖ്യ വികാരി ജനറാള്‍ സ്ഥാനം ഏറ്റെടുത്തു.
തിരുവല്ല അതിഭദ്രാസനത്തിന്റെപതിനഞ്ചാമത് വികാരി ജനറാളായിട്ടാണ് റവ. ഡോ. ഐസക്ക് പറപ്പള്ളില്‍ നിയമിതനാകുന്നത്. കടമാങ്കുളം പറപ്പള്ളില്‍ പരേതനായ പി. ജെ. ഇടിച്ചാണ്ടിയുടെയും, ശോശാമ്മയുടെയും രണ്ടാമത്തെ മകനാണ്. 4 സഹോദരങ്ങള്‍. ഭാഗ്യസ്മരണാര്‍ഹനായ ഗീവര്‍ഗീസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും 1990ല്‍ വൈദിക പട്ടം സ്വീകരിച്ച അച്ചന്‍ അതിഭദ്രാസനത്തിന്റെ നിരവധി ഇടവകകളില്‍ വികാരിയായിരുന്നു. ഇപ്പോള്‍ തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ വികാരിയായിരിക്കെയാണ് പുതിയ നിയമനം.
ആലുവ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രം പൂര്‍ത്തിയാക്കിയ അച്ചന്‍ റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അതിഭദ്രാസന ചാന്‍സിലര്‍, മാക്ക്ഫാസ്റ്റ് കോളേജ് മാനേജര്‍, മാക്ക്ഫാസ്റ്റ് കോളേജ് ഡയറക്ടര്‍, മതബോധന സയറക്ടര്‍, ഐക്യദീപംചീഫ് എഡിറ്റര്‍, എഫേത്ത ഡയറക്ടര്‍ തുടങ്ങി വിവിധ തസ്തികയില്‍ സേവനമനുഷ്ഠിച്ചിരുന്നു.



