തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായയെ ക്രൂരമായി അടിച്ചുകൊന്ന കേസ് ഇന്ന് ഹൈക്കോടതിയിൽ. സംഭവത്തിൽ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
വിഷയത്തിൽ സ്വമേധയാ എടുത്ത കേസിൽ 10 ദിവസത്തിനകം മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ റിപ്പോർട്ട് നൽകുക. സംസ്ഥാനത്ത് തുടർച്ചയായി അരങ്ങേറുന്ന ഇത്തരം ക്രൂരതകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആനിമൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം അടിമലത്തുറയിൽ കഴിഞ്ഞ 28ന് രാവിലെയായിരുന്നു സംഭവം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജന്റെ ലാബ് ഇനത്തിൽപ്പെട്ട വളർത്തുനായയെ ആണ് ഒരു സംഘം ക്രൂരമായി ചൂണ്ടയിൽ കൊളുത്തിയിട്ട ശേഷം അടിച്ചു കൊന്നത്. കൊല്ലുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അടിമലത്തുറ സ്വദേശികളായ സുനിൽ, ശിലുവയ്യൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.



