ന്യൂഡല്‍ഹി ; ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരെയോ സേനാ നിലയങ്ങള്‍ക്കെതിരെയോ പാകിസ്താന്‍ ആധുനിക യുദ്ധമുറകള്‍ വഴി ആക്രമണം നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇതിനുള്ള സ്ഥലവും സമയവും ഇന്ത്യന്‍ സേന നിശ്ചയിക്കുമെന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്‌ ജനറല്‍ ബിപിന്‍ റാവത്ത്.

ജൂണ്‍ 27 ന് ജമ്മു വ്യോമസേനാ സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ഡ്രോണുകള്‍ പാകിസ്താനില്‍ നിന്നാണോ അതോ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍നിന്നു തന്നെയാണോ വിക്ഷേപിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട് .

ആക്രമണത്തിന്റെ ആത്യന്തിക ഉദ്ദേശ്യം ഇതുവരെ അറിയില്ല. പക്ഷേ, പാകിസ്താന്‍ നമ്മുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് എന്തെങ്കിലും വിധത്തില്‍ ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്നുള്ള പ്രതികരണം വളരെ വ്യത്യസ്തമായിരിക്കും. തിരിച്ചടിക്കാനുള്ള എല്ലാ അധികാരവും സേനയ്ക്കുണ്ട്. ഇതിനുള്ള സ്ഥലവും സമയവും സേന നിശ്ചയിക്കും-‘ അദ്ദേഹം പറഞ്ഞു.

ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ നിയന്ത്രണം തെറ്റിക്കാനുള്ള ജാമറുകള്‍ വ്യോമസേനയുടെ പക്കല്‍ ഉണ്ടെങ്കിലും ജമ്മു വിമാനത്താവളത്തില്‍ ഇവ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ പറഞ്ഞു . ജമ്മുവില്‍ സംഭവിച്ചത് അടിസ്ഥാനപരമായി അവിടെയുള്ള സേനാവിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഒരു തീവ്രവാദ പ്രവര്‍ത്തനമാണ്. ശ്രമം പരാജയപ്പെട്ടു. ഉയര്‍ന്ന ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് അവര്‍ ഉപയോഗിച്ചതെന്നും വ്യോമസേനാ മേധാവി പറഞ്ഞു .