അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ പിന്തുണച്ച് പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദി. താലിബാൻ ഭരണത്തിലേറിയത് മികച്ച ചിന്താഗതിയോടെയാണെന്ന് അഫ്രീദി പറഞ്ഞു. നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും താലിബാൻ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
നേരത്തെ, അടുത്ത വർഷത്തെ പിഎസ്എലിനു ശേഷം ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിച്ചേക്കുമെന്ന് അഫ്രീദി അറിയിച്ചിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച താരമ പാകിസ്താൻ പ്രീമിയർ ലീഗിൽ സജീവമായിരുന്നു. കശ്മീർ പ്രീമിയർ ലീഗ് ഉൾപ്പെടെ മറ്റു ചില ടി-20 ലീഗുകളിലും അദ്ദേഹം പാഡണിഞ്ഞു. എന്നാൽ, അടുത്ത വർഷത്തെ പിഎസ്എലിനു ശേഷം പൂർണമായി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നാണ് ഇപ്പോൾ അഫ്രീദിയുടെ പ്രഖ്യാപനം.
46 കാരനായ താരം നിലവിൽ മുൾട്ടാൻ സുൽത്താൻസിൻ്റെ താരമാണ്. എന്നാൽ, വരുന്ന സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കാനാണ് തനിക്ക് താത്പര്യമെന്ന് അഫീദി പറഞ്ഞു. “ചിലപ്പോൾ ഇതെൻ്റെ അവസാന പിഎസ്എൽ ആവും. മുൾട്ടാൻ അനുവദിക്കുമെങ്കിൽ എനിക്ക് വരുന്ന സീസണിൽ ക്വെറ്റയിൽ കളിക്കണം. എന്നെ വിടാൻ താത്പര്യമില്ലെങ്കിൽ ഞാൻ മുൾട്ടാനിൽ തന്നെ കളിക്കും.”- അഫ്രീദി പറഞ്ഞു.
2010ൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച അഫ്രീദി 2015 ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങളിൽ നിന്നും പാഡഴിച്ചു. 2017ൽ ടി-20 മത്സരങ്ങളിൽ നിന്നും വിരമിച്ച അഫ്രീദി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 2018ലാണ്. വെസ്റ്റ് ഇൻഡീസിനെതിരെ റെസ്റ്റ് ഓഫ് ദ് വേൾഡ് ഇലവൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2018 മെയ് 31ന് ലോർഡ്സിൽ നടന്ന ഈ മത്സരത്തിൽ നേരത്തെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ പിന്മാറിയതോടെയാണ് അഫ്രീദിക്ക് നറുക്കുവീണത്.



